പാരിസ്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടുകൾ കാരണം നയതന്ത്രബന്ധങ്ങളിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ അടുക്കാനൊരുങ്ങി കാനഡ. ഇതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ സെന്റ് പിയറി ആൻഡ് മിക്വലനിൽ വച്ചായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
സാന്പത്തിക-പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കാൻ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ ധാരണയായി. ഇറാൻ യുദ്ധത്തെതുടർന്ന് ആഗോള ഊർജവിപണിയിലെ പ്രതിസന്ധി മറികടക്കാൻ കാനഡയിൽനിന്നു കൂടുതൽ ദ്രവീകൃത പ്രകൃതിവാതകം യൂറോപ്പിലെത്തിക്കാൻ ധാരണയായി. കാനഡയിലെ അപൂർവ ധാതുക്കളും എണ്ണവാതകശേഖരവും യൂറോപ്പിന്റെ ആവശ്യങ്ങൾക്കു ലഭ്യമാക്കും.
യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് അംഗത്വം നേടാനുള്ള കാനഡയുടെ നീക്കത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പൂർണമായി പിന്തുണച്ചു. ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് ഇരുരാജ്യങ്ങളുടെയും പരമാധികാരവും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഈ കൂട്ടുകെട്ട് സഹായിക്കുമെന്നു നേതാക്കൾ വ്യക്തമാക്കി.
കടുത്ത ഉപരോധങ്ങളും അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി കാനഡയെ മാറ്റുമെന്ന് ട്രംപിന്റെ പ്രസ്താവനയുമാണ് കാനഡയെ യൂറോപ്പിലേക്ക് അടുപ്പിച്ചത്. അമേരിക്കയെ മാത്രം ആശ്രയിക്കുന്നതു കുറച്ച് യൂറോപ്യൻ യൂണിയനുമായി ശക്തമായ സാന്പത്തിക, പ്രതിരോധ ബന്ധം സ്ഥാപിക്കുകയാണു കാനഡയുടെ ലക്ഷ്യം.